കൊല്ലം: ലഹരിവ്യാപനത്തിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയ്ക്കാന്‍ പൊതുസമൂഹം അണിനിരക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
സംസ്ഥാന സര്‍ക്കാരിന്റെ തൂഫാന് ലഹരി പ്രതിരോധ കാമ്പയിനിന്റെ ഭാഗമായി വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ‘തൂഫാനൊപ്പം എന്റെ വിദ്യാലയം' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന് തൂഫാനിലൂടെ ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് 4500 ലഹരി കേസുകളെടുത്തു. 5600 പേരെ അറസ്റ്റ് ചെയ്തു. 40 കോടി രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വിലങ്ങു വീഴുമെന്നും ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ താഴെതട്ടുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയെ മന്ത്രി തൂഫാന് ബാഡ്ജ് അണിയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ മന്ത്രി ചൊല്ലി. ക്യാമ്പയിനിന്റെ ഭാഗമായിസംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികള്‍ക്ക് മന്ത്രി പുരസ്കാരം നല്കി.
കേരള കാത്തലിക് ടീച്ചേഴ്സ് പ്രസിഡന്റ് ടോം മാത്യു അധ്യക്ഷനായി. ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി മയക്കുമരുന്ന് പ്രതിരോധം വിദ്യാലയത്തില്‍ എന്ന വിഷയത്തില്‍ പ്രസംഗിച്ചു. കാത്തലിക് ടീച്ചേഴ്സ് ട്രഷറര്‍ റോബിന് മാത്യു, കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ജനറല്‍ സെക്രട്ടറി ജി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.